ബെനീറ്റ പീറ്റർ ലോഗോസ് പ്രതിഭ
കൊച്ചി: കെ സി ബി സി ബൈബിൾ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിൾ ക്വിസ്ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തി ബെനീറ്റ പീറ്റർ 2017ലെ ലോഗോസ് പ്രതിഭയായി.

2017ലെ ലോഗോസിൽ മത്സരിച്ച അഞ്ചു ലക്ഷത്തിഇരുപതിനായിരം പേരിൽ നിന്നാണ് ഇരിഞ്ഞാലക്കുട രൂപതയിലെ ബെനീറ്റ പീറ്റർ ഒന്നാം സ്ഥാനത്തെത്തിയത്. പി. ഒ. സി. സുവർണജൂബിലി പ്രത്യേക അവാർഡ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ലിസ്സി ജെയിംസ് കരസ്ഥമാക്കി.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ഈ വചനോപാസനയിൽ കേരളത്തിൽ നിന്നും, കേരളത്തിനു പുറത്തുനിന്നുമുള്ള 37 രൂപതകളിൽ നിന്നുള്ളവർ പങ്കെടുത്തു.

ലോഗോസ് ബൈബിൾ ക്വിസിൽ ആറു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതലജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പി ഒ സി യിലാണ് ഇന്നലെ ഗ്രാൻഡ് ഫിനാലെ നടന്നത്. നവംബർ 23-25 തീയതികളിൽ ആറു ഗ്രൂപ്പപകളുടെ ഫൈനൽ മത്സരങ്ങളും നടന്നു.

 

സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെനീറ്റ പീറ്റർ. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതലവിജയികളും രൂപതയും:
എ - റോസ്മേരി (കോട്ടപ്പുറം)
ബി - അൽഫോൻസ് റോസ് (തലശ്ശേരി),
ഡി - റോസ്മേരി (കോതമംഗലം),
ഇ - ലിസ്സി ജെയിംസ് (എറണാകുളം-അങ്കമാലി),
എഫ് - മേരിപോൾ (പാല).

കേരളത്തിനു പുറത്തുനിന്ന് ഒന്നാം സ്ഥാനത്തെത്തിയത് ഡോ. സിന്ധു പോൾ ആണ്.

ലോഗോസ് ഫാമിലി ക്വിസ് ഫൈനലിൽ പാലാ രൂപതയിലെ ജോസഫ് കല്ലറയ്ക്കലും കുടുംബവും ഒന്നാം സ്ഥാനത്തെത്തി.

കോട്ടയം അതിരൂപതയിലെ ലാൽസൺ മാത്യുവിന്റെ കുടുംബം രണ്ടാം സ്ഥാനത്തിനും, ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കലിന്റെ കുടുംബം മൂന്നാം സ്ഥാനത്തിനും അർഹരായി.

സമാപനസമ്മേളനത്തിൽ ബൈബിൾ കമ്മീഷൻ ചെയർമാൻ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. അബ്രാഹം മാർയൂലിയോസ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.

ലോഗോസ് ബൈബിൾ ക്വിസിന് ആഗോളസഭയിൽ അതുല്യസ്ഥാനമുണ്ടെന്നും ജനങ്ങളുടെയിടയിൽ ദൈവവചനം സമീപസ്ഥമാക്കുന്നതിൽ ഈ ലോഗോസ് ക്വിസ് വലിയ സംഭാവനകൾ ചെയുന്നുണ്ടെന്നും പിതാവ് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ അനുസ്മരിച്ചു.

കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരളകാത്തലിക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗപ്രതിഭാപുരസ്കാരം ഈ സമ്മേളനത്തിൽ വച്ച് റവ ഫാ. ജസ്റ്റിൻ കൈപ്രമ്പാടന് സമ്മാനിച്ചു. റോമിലെ പെന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിററൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ ഫാ. ഹെൻറി പട്ടരുമഠത്തിൽ എസ്. ജെ. രചിച്ച മലയിലെ പ്രസംഗം എന്ന പുസ്തകം അഭിവന്ദ്യ യൂലിയോസ് പിതാവ് ഷെവ. പ്രീമൂസ് പെരിഞ്ചേരിക്കു കൈമാറി പ്രകാശനം ചെയ്തു.

സമാപനസമ്മേളനത്തിൽ കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോൺസൺ പുതുശ്ശേരി സി. എസ്. റ്റി, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. ലോഗോസ് പ്രതിഭയ്ക്ക് വിശുദ്ധനാടു സന്ദർശനവും പാലയ്ക്കൽ തോമ്മാ മല്പാൻ ക്യാഷ് അവാർഡുമാണു സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികൾക്കും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

Logios Quiz 2017 Grand Finale Prize Distribution
(എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി സി ലോഗോസ് ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയുടെ സമ്മാനം ബൈബിൾ സൊസൈറ്റി ചെയർമാൻ ബിഷപ് എബ്രാഹം മാർ യൂലിയോസ് നല്കുന്നു. റവ. ഫാ. വർഗീസ് വള്ളിക്കാട്ട്, ബനീറ്റ പീറ്റർ, റവ. ഡോ. ജോൺസൺ പുതുശ്ശേരി തുടങ്ങിയവർ സമീപം)

 
Tags: Logos+Quiz+2017+Grand+Finale+Logos+Prathibha+Benita+Peter

 Other Items in LOGOS